എന്റെ ഇച്ചായൻ
മുല്ലപ്പൂവിന്റെ സുഗന്ധം നിറഞ്ഞ ശ്മശാനഭൂമിയിൽ എപ്പോഴോ നഷ്ടപ്പെട്ട ജീവിതത്തിന്റെ നല്ല നിമിഷങ്ങളുടെ ഓർമകളുമായി കല്ലറയിലെ കുരിശിനരികിൽ പതിവുപോലെ അവൾ ഇന്നും വന്നിരുന്നു..,
കഥകൾ പറഞ്ഞും, സങ്കടങ്ങൾ പങ്കുവെച്ചും…!
നിറകണ്ണുകളോടെ മെഴുകുതിരികൾ കത്തിച്ച് കൈകൾ കുരിശിൽ താങ്ങി എഴുന്നേൽക്കാൻ ശ്രമിച്ചു...., പക്ഷെ കാലോന്നിടറി.. ആ ശ്മശാന ഭൂമിയിൽ ഒരു വിളിപ്പാടകലെ മാത്രം അകറ്റി നിർത്തിയ ബെന്ധുമിത്രാദികൾ ഓടി എത്തിയപ്പോൾ, രക്തദാഹിയായ യക്ഷിയെപോലെ അവൾ പറഞ്ഞു....
"എന്നെ തൊടരുത്....!! ആരും ഇങ്ങോട്ട് വരണ്ട...., എനിക്കാരെയും കാണണ്ട....!! പോക്കോണം എന്റെ മുന്നിൽനിന്ന്....!!"
ഇത് കണ്ടു നിന്ന വികാരിയച്ചൻ കുറച്ചു പരിഭ്രമത്തോടെ ത്രേസ്യാമ്മയുടെ അരികിലെത്തി "എന്റെ ത്രേസ്യാമേ....!! കാലം ഒരുപാടായില്ലേ ഇനിയെങ്കിലും....!!"
"അച്ചോ....! എന്റെ ഇച്ചായനെ കൊന്നവരുടെ ചോരയാ ഈ നിക്കുന്നതെല്ലാം.., എനിക്കാരെയും കാണണ്ട…."
ത്രേസ്യാമ്മയുടെ കനൽ കത്തുന്ന കണ്ണിൽ നീർത്തുള്ളികൾ നിറയുന്നത് അച്ചന് കാണാമായിരുന്നു..
"ഒരിക്കൽ എന്ടിച്ചായൻ വരും, എന്നെ വിളിക്കും.. അന്ന് ഞാൻ പോകും.... അതുവരെ ഞാൻ കാത്തിരിക്കും"
അവൾ നടന്നു നീങ്ങി, ഒരുകാലത്ത് ഇച്ചായനോപ്പം പള്ളിയിൽ എത്തിയ ആ മണ്‍വഴിയിലൂടെ....
"ആരാ അച്ചാ അത്.....? ആ വല്യമ്മക്കു എന്താ പ്രശ്നം..?" പള്ളിയിലെത്തിയ തോമാച്ചൻ അച്ഛനോട് തിരക്കി.
"ഒന്നും പറയണ്ട തോമാച്ചാ...., ചെറുപ്പകാലത്ത് ഒരുമിച്ചു കളിച്ചു വളന്നവരാ ഈ ത്രെസ്യാമ്മയും ജോർജ്കുട്ടിയും. മുതിർന്നപ്പോൾ ഇരുവർക്കും പിരിയാൻ പറ്റില്ലാന്നു മനസിലായി....!! ത്രേസ്യാമ്മയുടെ വീട്ടുകാർ അതിനു സമ്മതിക്കാത്തതിനാൽ ഇരുവരും ഒരുമിച്ചു ജീവിക്കാൻ വീടുവിട്ടിറങ്ങി...., എന്നാൽ വിധി അത് അനുവദിച്ചില്ല....
ത്രേസ്യമ്മയുടെ സഹോദരൻ അവരുടെ പിന്നാലെ പോയി....
ദാ.. ആ കാണുന്ന റോഡ്..., അന്ന് അവിടെ വലിയ കാടാരുന്നു..! അവിടെവച്ച് വഴക്കായി..., ആ വഴക്കിനിടയിൽ ജോർജ്കുട്ടി ഒരു കല്ലേൽ തലയടിച്ചു വീണു....! മരിച്ചു....!!
വർഷങ്ങളിത്രയായിട്ടും ത്രേസ്യാമ്മ ഇപ്പോളും ആ ഓർമകളിൽ ജീവിക്കുന്നു....!!"
"അപ്പൊ അവർ കല്യാണം കഴിച്ചില്ലേ….?" തോമാച്ചൻ സംശയത്തോടെ ചോദിച്ചു
ഇല്ല തോമാച്ചാ, ആ സംഭവത്തിനു ശേഷം ത്രേസ്യാമ്മ ആരോടും സംസാരിക്കാറില്ല, എന്നും ഈ കല്ലറയിൽ വന്നിരിക്കും. കല്യാണം കഴിച്ചില്ലേലും, ജോർജ്കുട്ടിയുടെ വിധവയായി ഇന്നും ജീവിക്കുന്നു.....!!
തൊട്ടടുത്ത ദിവസം, സന്ധ്യാസമയം പതിവുപോലെ, എന്നാൽ തീരെ പതിവില്ലാത്ത സന്തോഷത്തോടെ, വീട്ടുകാരോട് യാത്രപറഞ്ഞ് മെഴുകുതിരികളുമായി തന്റെ ഇച്ചായന്റെ കല്ലറയിലേക്ക് അവൾ നടന്നു....!! ചെറിയ ചാറ്റൽമഴയുടെ തിളക്കത്തിൽ ആ ഉദ്യാനം തിളങ്ങിനിൽക്കുന്നുണ്ടാരുന്നു.....! താലിച്ചരടിനു പകരം, ഇച്ചായന്റെ കുരിശുമാല കൈകളിൽ ചേർത്ത് വെച്ച് കല്ലറക്കൽ തിരികൾ കത്തിച്ചു... അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... ആ ചാറ്റൽ മഴ നല്കിയ സംഗീതത്തിൽ അവളലിഞ്ഞ് കൈകൾ കുരിശിൽ ചേർത്തുവെച്ചു കിടന്നു...!! കഥകളും സങ്കടങ്ങളുമായി.....!
വിങ്ങിപ്പൊട്ടുന്ന തന്റെ തോളിൽ തട്ടി ആരോ വിളിക്കുന്നതുപോലെ അവൾക്ക് തോന്നി...! "എടി..., ത്രേസ്യാ കൊച്ചേ"
അവൾ കണ്ണ് തുറന്നു നോക്കിയപ്പോൾ "എന്റെ ഇച്ചായൻ…" അതീവ സുന്ദരനായി അവളുടെ മുന്നിൽ..
ഇച്ചായൻ അവളെ താങ്ങി എഴുന്നേൽപ്പിച്ചു, ചിരിച്ചും, കളിച്ചും, സങ്കടങ്ങൾ പറഞ്ഞും , ഇത്രയും നാളത്തെ കാത്തിരിപ്പിന്റെ സ്നേഹത്തിൽ, സന്തോഷത്തിൽ, ഇച്ചായൻ അവളെ നെഞ്ചോടു ചേർത്തുവെച്ചു സ്നേഹിച്ചു....,
ഒടുവിൽ കൈകൾ ചേർത്തുപിടിച്ച് ഇരുവരും ആ ഉദ്യാനത്തിലുടെ നടന്നു നീങ്ങി......!!
എപ്പോഴോ നഷ്ടപ്പെട്ട ജീവിതത്തിന്റെ പുതിയ അദ്ധ്യായത്തിലേക്ക്….!!
കഴിഞ്ഞ കാലമത്രയും ഇച്ചായന്റെ ഓർമ്മക്കായി കൊണ്ടുനടന്ന ആ കുരിശുമാല കല്ലറയിലെ കുരിശിൽ കിടന്നു അവരോടു യാത്ര പറഞ്ഞു......!!
Comments
Post a Comment